കെ കെ ജയേഷ്
എല്ലാം നശിച്ചെന്ന് കരുതുമ്പോഴും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പിന്നെയും മൊട്ടിടും. ദുര്‍ബല ദൃശ്യഭാഷകള്‍ നല്‍കിയ മരവിപ്പില്‍ മനംമടുത്ത് നില്‍ക്കുമ്പോഴിതാ സെല്ലുലോയ്ഡില്‍ പുതിയ വസന്തം വിരിയുന്നു. അതെ രാജേഷ് പിള്ള എന്ന സംവിധായകന്‍ ഒരുക്കിയ 'ട്രാഫിക്ക്' എന്ന സിനിമ എല്ലാ അര്‍ത്ഥത്തിലും മലയാളത്തിന് സമ്മാനിക്കുന്നത് പുതുമയുടെ പുതിയ വസന്തകാലമാണ്. രണ്ടായിരത്തി പതിനൊന്നിന്റെ തുടക്കം മലയാള സിനിമയ്ക്ക് ശുഭകരമാണ് എന്ന് ഈ സിനിമ വ്യക്തമാക്കുന്നു.
സൂപ്പര്‍താരങ്ങളുടെ ഇടിമുഴക്കങ്ങളില്ലാതെ, മൂന്നാം കിട ഡപ്പാം കൂത്തുകളുടെയും ദുര്‍ബല കോമഡികളുടെയും പ്രളയങ്ങളില്ലാതെ ഒരു സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു എന്നത് സന്തോഷകരമാണ്. പാണ്ടിപ്പടങ്ങളെന്ന് കളിയാക്കി വിളിക്കുന്ന തമിഴ് സിനിമാ ലോകത്തുപോലും ജീവിതത്തിന്റെ ആഴക്കാഴ്ചകള്‍ മുന്‍കൈ നേടുമ്പോള്‍ മലയാളത്തെ ഓര്‍ത്ത് വേദന തോന്നിയിരുന്നു. തീര്‍ത്തും ദുര്‍ബലമായ കാര്യസ്ഥന്‍മാരും പോക്കിരിരാജകളും മാത്രമാണല്ലോ ഇവിടെ സൂപ്പര്‍ഹിറ്റാവുന്നത് എന്നോര്‍ക്കുമ്പോള്‍ ആ വേദന വര്‍ദ്ധിക്കും. ആ വേദനകള്‍ക്കിടയില്‍ ഒത്തിരി ആശ്വാസമാണ് ട്രാഫിക്ക് സമ്മാനിക്കുന്നത്.
അനാവശ്യമായ ബഹളങ്ങളോ രംഗങ്ങളോ സൃഷ്ടിക്കാതെ തികച്ചും ഏകാഗ്രതയോടെ കഥ പറയുകയാണ് ട്രാഫിക്ക്. അതുകൊണ്ട് തന്നെ അനവസരത്തില്‍ കയറിവരുന്ന ഗാനങ്ങളോ തമാശകളോ ഇതിലില്ല. ചെറിയ വഴിപിഴക്കലുകള്‍ പോലും ഉണ്ടാവരുതെന്ന് നിര്‍ബന്ധമുള്ള സംവിധായകനെ സിനിമയിലുടനീളം കാണാം. അതിനാല്‍ വെറും രണ്ട് മണിക്കൂറില്‍ കഥ തീരുന്നു. പക്ഷെ ഈ രണ്ട് മണിക്കൂറും പ്രേക്ഷകനെ സിനിമയില്‍ മാത്രം തളച്ചിടാന്‍ സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കും സാധിക്കുകയും ചെയ്യുന്നു.
എല്ലാ അര്‍ത്ഥത്തിലും മികച്ച ഒരു സിനിമ എന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു അദ്ഭുതമാണ്. ട്രാഫിക്ക് ഇത്തരത്തില്‍ ഒരു അദ്ഭുതം തന്നെയാണെന്ന് ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും തോന്നും. അത്രയധികം വശീകരണ ശക്തിയാണ് ഈ സിനിമയ്ക്കുള്ളത്.
മലയാള സിനിമകള്‍ അടുത്തിടെ തന്ന കാഴ്ചയുടെ ശീലം വെച്ച് കുറേ പ്രതീക്ഷകളുമായാണ് ട്രാഫിക്ക് കാണാന്‍ പോയത്. ശ്രീനിവാസന്‍ ഉള്ളതുകൊണ്ട് കുറേ കോമഡി, കുഞ്ചാക്കോ ബോബന്റെ മികച്ച പ്രണയരംഗങ്ങള്‍, ആസിഫ് അലി പകരുന്ന യുവത്വത്തിന്റെ അടിപൊളി കാഴ്ചവട്ടങ്ങള്‍... പക്ഷെ സിനിമ തുടങ്ങി അഞ്ച് മിനിട്ട് കഴിയുമ്പോഴേക്കും മനസ്സില്‍ നിറച്ച പ്രതീക്ഷകള്‍ക്കപ്പുറത്ത് മറ്റൊരു ദൃശ്യാദ്ഭുതമാണ് ഈ ചിത്രത്തിലുള്ളതെന്ന് വ്യക്തമാവുകയായിരുന്നു. പിന്നീട് വല്ലാത്തൊരു യാത്രയായിരുന്നു. വേദനയും നര്‍മ്മവും സസ്‌പെന്‍സും എല്ലാം നിറഞ്ഞ ഒരുഗ്രന്‍ ത്രില്ലര്‍.
വെറും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കുറേ സംഭവങ്ങളുടെ ത്രസിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരമാണ് ട്രാഫിക്ക്. ഒരു ട്രാഫിക്ക് ഐലന്റില്‍ നടക്കുന്ന ഒരു അപകടം കുറേപ്പേരുടെ ജീവിതത്തെ ഏതെല്ലാം രീതിയില്‍ ബാധിക്കുന്നു എന്നാണ് ഈ സിനിമ പറയുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പലരും ഈ സംഭവത്തോടെ പരസ്പരം ബന്ധപ്പെടുന്നു. തുടര്‍ന്ന് നടക്കുന്നത് ഒരു യാത്രയാണ്.. ജീവിതത്തിന്റെ എല്ലാ ആകസ്മിതകളും സമ്മേളിക്കുന്ന ആ യാത്രയിലാണ് കഥയുടെ ചുരുളുകള്‍ അഴിയുന്നത്. അപകടത്തില്‍ ഒരു മരണം സംഭവിക്കുന്നു. ആ മരണം മറ്റൊരാളുടെ ജീവിതം രക്ഷിക്കാനുള്ള മാര്‍ഗമാവുമെങ്കില്‍ അതിന് തയ്യാറെടുത്ത് രംഗത്തെത്തുന്ന ഒരു കൂട്ടം വ്യക്തികള്‍ നടത്തുന്ന ത്രസിപ്പിക്കുന്ന ജീവിതയാത്രയാണ് ട്രാഫിക്ക്. കഥയുടെ ഓരോ വഴിയിലും ഓരോ നിഗൂഡതകള്‍ വെളിപ്പെടും. എന്നും ഭൂമിയില്‍ പുലരേണ്ട മനുഷ്യനന്മയുടെ പുലരിത്തുടുപ്പില്‍ സിനിമ അവസാനിക്കുമ്പോള്‍ കയ്യടിക്കാതെ ഇറങ്ങിപ്പോരാന്‍ കഴിയും എന്ന് തോന്നുന്നില്ല.
ബോബി- സഞ്ജയ് ടീമിന്റെ തിരക്കഥയാണ് ട്രാഫിക്കിന്റെ ശക്തി. എന്റെ വീട് അപ്പൂന്റെം, നോട്ട്ബുക്ക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഈ കൂട്ടുകെട്ട് മലയാളത്തിന്റെ ഭാവി വാഗ്ദാനമാണെന്ന് ട്രാഫിക്ക് കാട്ടിത്തരുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ദുര്‍ബലമായ ഒരു സിനിമയെടുത്ത് കൈപൊള്ളിയ രാജേഷ് പിള്ളയാണ് ട്രാഫിക്കിന്റെ സംവിധായകന്‍. എന്നാല്‍ ആദ്യ സിനിമ സമ്മാനിച്ച നിരാശകളെ ട്രാഫിക്കിലൂടെ അദ്ദേഹം തകര്‍ത്തെറിയുന്നു. പൂര്‍ണ്ണമായും സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ഒരു ചിത്രമാണ് ട്രാഫിക്ക്. ഏരെ സങ്കിര്‍ണ്ണതകളുള്ള പ്രമേയത്തെ വളരെ കയ്യടക്കത്തോടെ രാജേഷ് ആവിഷ്‌ക്കരിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യമാണ് എടുത്ത് പറയേണ്ടത്. നമ്മള്‍ക്ക് മുമ്പേ പരിചയമുള്ള ശ്രീനിവാസനേയോ വിനീത് ശ്രീനിവാസനേയോ കുഞ്ചാക്കോയെയോ റഹ്മാനേയോ ഒന്നും നമുക്ക് ഈ സിനിമയില്‍ കാണാന്‍ കഴിയില്ല. അനൂപ് മേനോന്റെയും ആസിഫ് അലിയുടെയുമെല്ലാം മികച്ച പ്രകടനം ഈ സിനിയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇമേജുകളുടെ ഭാരമില്ലാതെ നടന്‍മാരെ കഥാപാത്രമാക്കുന്ന ആഖ്യാനമാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്.
ഷൈജു ഖാലിദിന്റെ ക്യാമറയും മേജോ ജോസഫിന്റെ സംഗീതവും മഹേഷ് നാരായണന്റെ എഡിറ്റിംഗും സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു.
സിനിമയിലെ ഒരു വാചകത്തിലേക്ക് തന്നെ കടക്കാം. ഒരു 'നോ' പലപ്പോഴും സാധാരണപോലെ വിസ്മരിക്കപ്പെടുന്നു. പക്ഷെ ഒരു 'യസ്' പുതിയ ചരിത്രമായിത്തീരുന്നു. മാലിന്യങ്ങളില്ലാത്ത ഒരു സിനിമയെടുക്കാനുള്ള നിര്‍മ്മാതാക്കളുടെ 'യസ്' മൂളല്‍ 'ട്രാഫിക്ക്' എന്ന ചിത്രത്തെയും പുതിയ ചരിത്രമാക്കുന്നു.
No comments:
Post a Comment