Friday, October 11, 2013

ലഹരി നുരയുന്ന സൗഹൃദം... ഏതു ലഹരിയ്ക്കും അപ്പുറമെത്തുന്ന സൗഹൃദം....
സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയില്‍ നിന്ന് ശ്യാം പുഷ്‌ക്കറും ദിലീഷ് നായരും രൂപപ്പെടുത്തി ആഷിക്ക് അബു അഭ്രപാളിയില്‍ ആവിഷ്‌ക്കരിച്ച ഇടുക്കി ഗോള്‍ഡ് വേറിട്ട ഒരു സിനിമാ അനുഭവം പ്രദാനം ചെയ്യുന്നു.
അതിഭീകരമാംവിധം സാധാരണമായ ഒരു കഥ അതി മനോഹരമായ ഒരു സിനിമാ അനുഭവമായി മാറുന്ന കാഴ്ച ഇടുക്കി ഗോള്‍ഡില്‍ കാണാം..
സൗഹൃദത്തിന്റെ മനോഹരമായ ചരടില്‍ കോര്‍ത്താണ് ഇടുക്കി ഗോള്‍ഡിന്റെ സഞ്ചാരം.. ആ യാത്രയില്‍ നേര്‍ത്ത നര്‍മ്മവും സുന്ദരമായ ഓര്‍മ്മകളും നമുക്ക് കൂട്ടിനുണ്ട്.. പ്രകൃതി മനോഹരമായ ഇടുക്കിയില്‍ നാം കാണുന്ന ആ വിദ്യാര്‍ത്ഥികള്‍ നമ്മള്‍ ഓരോരുത്തരുമാണ്... ബീഡി വലിച്ചും.. ഇടുക്കി ഗോള്‍ഡ് വലിച്ചും... സന്തോഷം പങ്കുവെച്ചും.. പ്രതികാരം നിര്‍വ്വഹിച്ചും.. പ്രണയിലും.. ഇണങ്ങിയും.. പിണങ്ങിയും.. മനസ്സിലെ രതിവികാരങ്ങളെ സ്വയം തൃപ്തിപ്പെടുത്തിയും കടന്നുപോകുന്ന അവര്‍ നമ്മള്‍ ഓരോരുത്തരുമാണ്..
കാലങ്ങള്‍ക്കിപ്പുറത്ത് അവര്‍ക്ക് ഓര്‍ക്കാന്‍ ആകെ ബാക്കിയുള്ളത് ആ കാലം മാത്രമാണ്... ആ കാലത്തിന്റെ ഓര്‍മ്മകളിലേക്കാണ് അവരുടെ യാത്ര.. കൂടെ ലഹരി നുരയുന്ന ഇടുക്കി ഗോള്‍ഡ് തേടിയും..
ആ യാത്രയില്‍... കാണുന്ന കാഴ്ചകളില്‍... എത്തിച്ചേരുന്ന യാത്രയുടെ അപ്രതീക്ഷിതമായ അവസാനത്തില്‍ അവര്‍ തിരിച്ചറിയുന്നതും സൗഹൃദത്തിന്റെ ശക്തി തന്നെയാണ്.. ഏത് ലഹരിയ്ക്കും മുകളില്‍ നില്‍ക്കുന്ന സൗഹൃദത്തിന്റെ കരുത്തിനെ...
മദ്യത്തിനെയും കഞ്ചാവിനെയും ആഘോഷിച്ചു എന്ന് പരാതി ഉയര്‍ന്നേക്കാം.. പക്ഷെ നമ്മള്‍ കടന്നുവന്ന വഴിയില്‍ ഇതൊക്കെ നമ്മെ പ്രലോഭിപ്പിച്ചു കൂടെയുണ്ടായിരുന്നു എന്നുമോര്‍ക്കാം.. ദുര്‍ബലമായ നിമിഷങ്ങളില്‍ നമ്മളൊക്കെ ആ വഴിയിലൂടെ തന്നെ കടന്നുപോയിരുന്നു എന്നതുമോര്‍ക്കാം.. അതുകൊണ്ടു തന്നെ ഇടുക്കി ഗോള്‍ഡിന് മാറ്റു കുറയുന്നില്ല.. ഇടുക്കി ഗോള്‍ഡ് തേടിയെത്തുന്നവരും അവസാനം തിരിച്ചറിയുന്നത് യഥാര്‍ത്ഥ ഗോള്‍ഡിനെ തന്നെയാണ്...
സന്തോഷ് ഏച്ചിക്കാനത്തിന്റെ അതി സുന്ദരമായ കഥയായിരുന്നു ഇടുക്കി ഗോള്‍ഡ്. പക്ഷെ ആ ചെറു കഥ വലിയൊരു സിനിമയാവുമ്പോള്‍ പോരായ്മകള്‍ സ്വാഭാവികമായും വന്നുചേരും.. ആ പോരായ്മകളെ മറികടന്നുകൊണ്ടാണ്  ശ്യാം പുഷ്‌ക്കരനും ദിലീഷ് നായരും ഇടുക്കി ഗോള്‍ഡിന് തിരക്കഥ രചിച്ചിരിക്കുന്നത്.. നേര്‍ത്ത നര്‍മ്മത്തിന്റെ സുഖം സമ്മാനിച്ചുകൊണ്ടാണ് ഇടുക്കി ഗോള്‍ഡ് തേടിയുള്ള യാത്ര അവര്‍ പൂര്‍ത്തിയാക്കുന്നത്... താന്‍ വ്യാപരിക്കുന്ന മേഖലയില്‍ തനിക്കുള്ള അസാധ്യമായ കൈയ്യൊതുക്കം ആഷിക്ക് അബു ഇവിടെയും നമ്മെ അനുഭവിപ്പിക്കുന്നു. അതി സുന്ദരമായ ആഖ്യാനത്തിലൂടെ ഇടുക്കി ഗോള്‍ഡ് കൈയ്യടി നേടുമ്പോള്‍ അത് ആഷിഖ് അബുവെന്ന സംവിധായകന്റെ കഴിവിനുള്ള കൈയ്യടി കൂടിയാണ്.. ഷൈജു ഖാലിദിന്റെ ക്യാമറാ കാഴ്ചകളും ഇടുക്കിയുടെ സൗന്ദര്യവും ഇടുക്കി ഗോള്‍ഡിന് ശക്തിയായി കൂടെയുണ്ട്..
ന്യൂ ജനറേഷന്‍ കാലത്ത് നമ്മുടെ ആ പഴയ നടന്‍മാരുടെ സൂപ്പര്‍ പ്രകടനത്തിനും ഇടുക്കി ഗോള്‍ഡ് സാക്ഷ്യം വഹിക്കുന്നു. പ്രതാപ് പോത്തനും മണിയന്‍ പിള്ള രാജുവും വിജയരാഘവനും രസകരമായ കഥാപാത്രങ്ങളായി നമുക്ക് മുമ്പിലെത്തുന്നു.. ഭാവങ്ങള്‍ ഇല്ലാത്ത മുഖം എന്ന് നമ്മള്‍ പലപ്പോഴും കളിയാക്കിയിട്ടുള്ള ബാബു ആന്റണിയും ചിത്രത്തിലുണ്ട്.. സിനിമയിലിലെ ഡയലോഗുകളിലും ബാബു ആന്റണിയുടെ ആന്റണിയെന്ന കരാട്ടെക്കാരനെപ്പറ്റി ഈ പരാമാര്‍ശം നടത്തുന്നുണ്ട്.. പക്ഷെ ആ കരാട്ടെക്കാരന്‍ നമ്മെ ഒരു നിമിഷം പോലും വെറുപ്പിക്കുന്നില്ല.. എല്ലാറ്റിനും ഉപരി സിനിമയെ രസകരമായ നര്‍മ്മത്താല്‍ മുന്നോട്ട് നയിക്കുന്ന മറ്റൊരാളുണ്ട്... ടി വിയില്‍ വരുന്ന പഴയ സിനിമയില്‍ ഡിസ്‌ക്കോ ഡാന്‍സുകാരനായി എനിക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട ആ വ്യക്തിയെ രസകരമായ കഥാപാത്രമായി മുന്നില്‍ കണ്ടതിന്റെ സന്തോഷം തന്നെയാണ് ഇടുക്കി ഗോള്‍ഡിന്റെ ഏറ്റവും വലിയ സന്തോഷം.. സിനിമയുടെ ഓരോ നിമിഷത്തിലും രവീന്ദ്രന്‍ എന്ന ആ നടന്റെ ഗംഭീര സാന്നിധ്യമുണ്ട്... അതു മാത്രം മതി ഇടുക്കി ഗോള്‍ഡിന്റെ ഗംഭീര ലഹരിയ്ക്ക്.....

Tuesday, July 26, 2011

കാഴ്ചകളുടെ നിലയില്ലാക്കയങ്ങളിലൂടെ.............















കാഴ്ചകളുടെ നിലയില്ലാക്കയങ്ങളിലൂടെ.............
കെ കെ ജയേഷ്
നനുത്ത മഴയുള്ള ഒരു പ്രഭാതത്തിലാണ് സുഹൃത്തിന്റെ ബൈക്കില്‍ കക്കയത്തേക്ക് യാത്ര തിരിച്ചത്. വളഞ്ഞും പുളഞ്ഞും നീളുന്ന പാതയിലൂടെ ബൈക്ക് ഇരമ്പി നീങ്ങി. ചുറ്റും ഹരം പിടിപ്പിക്കുന്ന കാഴ്ചകളുടെ സമൃദ്ധിയാണ്. മഴയില്‍ കുളിച്ചു നില്‍ക്കുന്ന കാടിന്റെ വന്യത. പേടിയോടെ നോക്കിക്കാണുന്ന താഴ്‌വരക്കാഴ്ചകള്‍. ആള്‍ക്കൂട്ടത്തിന്റെ ബഹളങ്ങളില്ലാതെ ആസ്വദിക്കാവുന്ന കാടിന്റെ വന്യ ഗന്ധം. എങ്ങും പച്ചപ്പിന്റെ നിറ മനോഹാരിത.
ഡാമിന് കിലോ മീറ്ററുകള്‍ക്കിപ്പുറത്താണ് കക്കയം അങ്ങാടി. കോഴിക്കോട് നിന്നുള്ള ബസ്സുകള്‍ ഇവിടെ യാത്ര അവസാനിപ്പിക്കും. ചെറിയ ചില കടകളും വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകളുമുള്ള ഒരു ചെറിയ അങ്ങാടിയാണ് കക്കയം. ഇവിടെ നിന്ന് ഡാമിലേക്കുള്ള ചുരം തുടങ്ങുന്നു. പത്ത് രൂപ കൊടുത്ത് എന്‍ട്രി പാസ് വാങ്ങിയാല്‍ മലമടക്കുകളുടെ നെഞ്ചിന്‍ നെറുകയിലേക്കുള്ള സാഹസിക യാത്ര ആരംഭിക്കും.
്‌നല്ല മഴ പെയ്തതുകൊണ്ട് നീരുറവകളെല്ലാം യൗവനത്തിന്റെ പ്രസരിപ്പോടെ റോഡിലേക്ക് കുത്തിയൊലിക്കുന്നുണ്ട്. റോഡ് പലയിടത്തും തകര്‍ന്നിരിക്കുകയാണ്. എത്ര നന്നാക്കിയാലും കക്കയത്തേക്കുള്ള റോഡുകള്‍ മഴക്കാലത്ത് തകര്‍ന്നടിയും. ഭീകരരൂപിയായി അലറിയെത്തുന്ന ഉരുള്‍ പൊട്ടലുകള്‍ റോഡിനെ വിഴുങ്ങി താണ്ഡവമാടും. വെള്ളച്ചാട്ടങ്ങളുടെ ചിതറിയ ശബ്ദങ്ങള്‍ക്കിടയിലൂടെയാണ് യാത്ര. മഴ ശക്തമായപ്പോള്‍ സുഹൃത്ത് ഒരിടത്ത് ബൈക്ക് നിര്‍ത്തി. ഒരു മരച്ചുവട്ടിലിരുന്ന് മഴയുടെ സൗന്ദര്യം ആസ്വദിക്കുമ്പോള്‍ മനസ്സിലേക്ക് പെരുമഴ പോലെ ഓടിയെത്തുകയാണ് ഓര്‍മ്മകള്‍. ഇന്നും വാര്‍ത്തകളില്‍ സജീവമാകുന്ന രാജന്‍ കക്കയത്തേക്കുള്ള യാത്രയില്‍ കൂട്ടിനുണ്ടാവും. അടിയന്തരാവസ്ഥയുടെ നീറുന്ന ദിനങ്ങളിലൊന്നില്‍ കോഴിക്കോട് ആര്‍ ഇ സി വിദ്യാര്‍ത്ഥിയായിരുന്ന രാജന്‍ നിശബ്ദനാക്കപ്പെട്ടത് ഇവിടെ വെച്ചാണ്. കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമത്തിന്റെ പേരില്‍ പിടിക്കപ്പെട്ട രാജനെ ഈ മലമുകളിലേക്കാണ് പൊലീസ് കൊണ്ടുപോകുന്നത്. പിന്നെ രാജന്‍ ചരിത്രമായി. കക്കയത്തെ പൊലീസ് ക്യാമ്പില്‍ കൊല്ലപ്പെട്ട രാജന്റെ ശരീരം എന്തു ചെയ്തു എന്ന ചോദ്യം വര്‍ത്തമാനകാലം ഇന്നും ചോദിച്ചുകൊണ്ടിരിക്കുന്നു. മൃതദേഹത്തെക്കുറിച്ച് ഇപ്പോഴും ചില ഊഹങ്ങള്‍ മാത്രമെ പുറം ലോകത്തിനുള്ളു. ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് രാജന്‍ വലിച്ചെറിയപ്പെട്ടതായി ഒരു കഥ. ഇരുട്ട് കട്ടപിടിച്ച കൊടും കാട്ടില്‍ ചിതയില്‍ രാജന്‍ കത്തിയെരിഞ്ഞതായി മറ്റൊരു വ്യാഖ്യാനം. പക്ഷെ നിഗൂഡതകള്‍ ഇന്നും തുടരുകയാണ്. രാജന്റെ ഓര്‍മ്മകളുമായി ബൈക്കില്‍ യാത്ര തുടര്‍ന്നു.
കക്കയം അങ്ങാടിയില്‍ നിന്ന് 13 കിലോ മീറ്ററാണ് ഡാം സൈറ്റിലേക്കുള്ള ദൂരം. ഡാം പരിസരത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഇന്ന് ധാരാളം യാത്രക്കാരെത്തുന്നുണ്ട്. ബൈക്കിലും ഓട്ടോകളിലുമൊക്കെയായി അവര്‍ കാടിനെ, മണ്ണിനെ, പ്രകൃതിയെ അറിയുകയാണ്. ചുരത്തിന്റെ ഉയരത്തിലൊരിടത്ത് ബൈക്ക് നിര്‍ത്തി താഴേയ്ക്ക് നോക്കി. താഴ്ചയില്‍ നിന്ന് കിതച്ച് കയറ്റം കയറുന്ന വാഹനങ്ങള്‍ ഉറുമ്പിന്‍ കൂട്ടങ്ങള്‍ പോലെ തോന്നിച്ചു. പെരുവെണ്ണാമൂഴി ഡാമിന്റെ ജലസംഭരണികള്‍ അത്യാകര്‍ഷകമായ ഒരു തടാകമായി മുന്നില്‍ നിറയുന്നു. ഡാമില്‍ നിന്ന് താഴെയുള്ള പവര്‍ഹൗസിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള പെന്‍സ്റ്റോക്ക് പൈപ്പ് ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ കാഴ്ചയിലുണ്ട്. പ്രകൃതി കലങ്ങിയില്ലെങ്കില്‍ അങ്ങകലെ കൊയിലാണ്ടിയിലെ കടല്‍പ്പരപ്പും ഇവിടെ നിന്ന് ആസ്വദിക്കാനാവും.
ചുരത്തിന് മുകളില്‍ വണ്ടി നിര്‍ത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് അനുവാദം വാങ്ങി ഡാം സൈറ്റിലേക്ക് നടന്നു. കാടിന്റെ ശബ്ദവും ഗന്ധവും ഇപ്പോള്‍ കൂടുതല്‍ വ്യക്തമാണ്. തണുത്ത കാറ്റില്‍ യാത്രയുടെ ക്ഷീണം മുഴുവന്‍ അലിഞ്ഞില്ലാതാവുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടും അവഗണിക്കപ്പെടാനായിരുന്നു എന്നും കക്കയത്തിന് വിധി. അധികൃതരുടെ അവഗണനയാല്‍ കക്കയത്തിന്റെ വൈവിധ്യം പുറംലോകം വലുതായി അറിഞ്ഞില്ല. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായിക്കഴിഞ്ഞു. സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ കക്കയം ഉള്‍പ്പെടുന്ന വനമേഖലയെല്ലാം ചേര്‍ത്ത് മലബാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി രൂപീകരിച്ചതോടെ കക്കയത്തിന്റെ പെരുമ ലോകമറിഞ്ഞു.

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, ചെമ്പനോട, വില്ലേജുകളില്‍ പെട്ട 74.215 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് വന്യജീവി സങ്കേതം വ്യാപിച്ചു കിടക്കുന്നത്. പശ്ചിമഘട്ട വന നിരകളില്‍ വയനാട് പീഠഭൂമിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സങ്കേതം നിലവില്‍ വന്നതോടെ സംസ്ഥാനത്തിന്റെ വനവിസ്തൃതിയുടെ 23 ശതമാനം സംരക്ഷിത മേഖലയായിരിക്കുകയാണ്.
ലോകത്തിലെ അപൂര്‍വ്വങ്ങളായ വിവിധ സസ്യ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് കക്കയം ഉള്‍പ്പെടുന്ന മലബാര്‍ വന്യജീവി സങ്കേതം. 680 ജാതി സപുഷ്പികളായ സസ്യങ്ങളുളളതില്‍226 ഇനം ദേശ ജാതി സസ്യങ്ങളാണ്. 39 പുല്ലിനങ്ങളും 22തരം ഓര്‍ക്കിഡുകളും 28 ഇനം പന്നല്‍ വര്‍ഗ്ഗങ്ങളും വനത്തിലുണ്ട്. 148 ഇനം ചിത്രശലഭങ്ങളെ ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ 14 എണ്ണം സസ്യപര്‍വ്വത നിരകളില്‍ കാണപ്പെടുന്നതും 12 എണ്ണം അത്യപൂര്‍വ്വമായി കാണപ്പെടുന്നവയുമാണ്. പുള്ളിവാലന്‍, ചുട്ടിമയൂരി, മലബാര്‍ റാവന്‍, ചേലവിലാസിനി എന്നീ ഇനങ്ങള്‍ സങ്കേതത്തിന്റെ പ്രത്യേകതയാണ്. 52 ഇനം മത്സ്യങ്ങളെയും 38 ഇനം ഉഭയജീവികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. രാജവെമ്പാലയുടെ വിഹാരകേന്ദ്രമാണ് മലബാര്‍ വന്യ ജീവി സങ്കേതം. 32 ഇനം ഇഴ ജന്തുക്കളെയാണ് ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയത്. 180 ഇനം പക്ഷികള്‍ കണ്ടെത്തിയിട്ടുള്ളതില്‍ 14 ശതമാനവും ദേശാടന പക്ഷികളാണ്. ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന വെള്ളമാറന്‍, ചിസുചിലപ്പന്‍, പതുങ്ങാന്‍ ചിലപ്പന്‍, ചേരക്കോഴി എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ടെന്നത് സങ്കേതത്തിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുകയാണ്. ആന, കടുവ, പുലി, കാട്ടുപോത്ത്, മ്ലാവ്, കരടി തുടങ്ങിയ മൃഗങ്ങളുടെ ആവാസ സ്ഥലം കൂടിയാണ് ഇവിടം. കക്കയം അണക്കെട്ടില്‍ നിന്ന് 225 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. കക്കയത്തിന്റെയും മലബാര്‍ വന്യ ജീവി സങ്കേതത്തിന്റെയും പ്രത്യേകതകള്‍ ഇവയിലൊന്നും ഒതുങ്ങുന്നില്ല. കടലോളം നന്മകള്‍ നെഞ്ചിലേറ്റിയാണ് ഈ വനമേഖല നമുക്ക് മുമ്പില്‍ നില്‍ക്കുന്നത്. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളുടെ ഉത്സവമാണ് ഇവിടം. ഒരിക്കല്‍ ഇവിടെ വന്നാല്‍ വീണ്ടും വീണ്ടും ഇവിടേക്ക് വരാന്‍ നമ്മള്‍ പ്രേരിപ്പിക്കപ്പെടും. സര്‍ക്കാറും ഫോറസ്റ്റ് വകുപ്പും അതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ട്. മുളച്ചങ്ങാടയയാത്ര ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന സൗകര്യങ്ങളാണ് കക്കയത്തുള്ളത്.
ഡാം സൈറ്റില്‍ നിന്നും കാട്ടിലൂടെ വീണ്ടും നടന്നാലാണ് ഉരക്കുഴിയിലെത്തുക. നിഗൂഡമായ ഉരക്കുഴിയിലേക്കുള്ള യാത്രയും നിഗൂഡതകള്‍ നിറഞ്ഞതാണ്. കടത്ത പകലിലും ഇരുട്ടാണ് വഴികളില്‍. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടിലെ തുരങ്കത്തിലൂടെ താഴേക്ക് പതിക്കുന്നു. രണ്ടായിരത്തിലേറെ അടി താഴ്ചയിലേക്ക് ജലം പതിക്കുന്നത് ഭയാനകമായ കാഴ്ചയാണ്. വള്ളിക്കെട്ടുകള്‍ക്കിടയില്‍ പിടിച്ച് ഈ അപൂര്‍വ്വ കാഴ്ച നമുക്ക് ആസ്വദിക്കാം. മഴക്കാലമായതിനാല്‍ ഭീതിതമാണ് ഉരക്കുഴിയിലെ കാഴ്ച. അടുത്തകാലത്തായി ഇവിടെ തൂക്കുപാലം നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന് മുകളില്‍ നിന്നാല്‍ അപകടമില്ലാതെ ഉരക്കുഴിയെ അടുത്തറിയാം. അഗാധമായ കൊക്കയിലേക്ക് അലറിക്കൊണ്ട് ജലം പതിക്കുന്ന കാഴ്ച വിറയലോടെ മാത്രമെ ആസ്വദിക്കാനാവുകയുള്ളു.
ഉരക്കുഴിയില്‍ നിന്ന് കുത്തനെയുള്ള കയറ്റം കയറിയാല്‍ കാഴ്ചകള്‍ വീണ്ടും പറുദീസയൊരുക്കും. കാട്ടുവള്ളികള്‍ പിടിച്ചുകൊണ്ട് ശ്രദ്ധയോടെ ഒരു യാത്ര. മുകളില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ദൃശ്യങ്ങളെല്ലാം അഗാധതയിലാണ്. വന്‍മരങ്ങള്‍ക്കിടയിലൂടെ താഴ്‌വരയിലേക്ക് ഊര്‍ന്നിറങ്ങുന്ന മൂടല്‍ മഞ്ഞ് കാഴ്ചകളെ മറയ്ക്കുന്നു. കാട്ടുമരങ്ങള്‍ക്കിടയില്‍ ഹുങ്കാരം തീര്‍ത്ത് ഓടിയെത്തുന്ന തണുത്ത കാറ്റ് ശരീരത്തെ തഴുകി കടന്നുപോയി. മഴയും മഞ്ഞും തീര്‍ക്കുന്ന ദൃശ്യപ്പൊലിമയിലൂടെ തിരകെ നടന്നു. കക്കയം ഇവിടെ തീരുന്നില്ല. രണ്ട് പുഴകള്‍ സംഗമിക്കുന്ന അമ്പലപ്പാറ, അത്തിക്കോട് പുല്‍മേട്, പേരമരങ്ങള്‍ നിറഞ്ഞ പേരയ്ക്കാമല, വേനലിലും വറ്റാത്ത ഗ്രീന്‍വാലി വെള്ളച്ചാട്ടം.........കാഴ്ചകളങ്ങനെ നീണ്ടുപോവുകയാണ് ഇവിടെ. കണ്ടതിനേക്കാള്‍ കാണാത്ത കാഴ്ചകളാണ് ഇവിടെ ഏറെയും. നിബിഡവനങ്ങളിലൂടെ സാഹസിക യാത്രയ്ക്ക് മുതിര്‍ന്നാല്‍ ബാണാസുരമലയിലൂടെ വയനാടന്‍ മണ്ണിലെത്താം. അതൊരു അപൂര്‍വ്വ യാത്രയാണെന്ന് ആരോ പറഞ്ഞിരുന്നു.
ഇനി വരുമ്പോള്‍ സൗകര്യങ്ങള്‍ പലതും ഇവിടെ കൂടിയേക്കാം. സഞ്ചാരികളെ ആകര്‍ഷിക്കാനായി ഒട്ടേറെ പദ്ധിതകള്‍ ഇവിടെ വരാന്‍ പോവുകയാണ്. റിഫ്രഷിങ്ങ് സെന്ററും കേട്ടേജുകളും ഇവിടെ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഉരക്കുഴി വെള്ളച്ചാട്ടത്തിന് സമീപം പവലിയനും റിസര്‍വ്വോയറില്‍ പെഡല്‍ബോട്ട് സര്‍വ്വീസുമെല്ലാം വരുന്നതോടെ കക്കയം കൂടുതല്‍ സുന്ദരിയാവും. അപ്പോള്‍ കാടിന്റെ നിഗൂഡതകള്‍ തേടി കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നുറപ്പാണ്.
തിരികെ നടക്കുമ്പോള്‍ വഴികളില്‍ മഴ പെയ്തു തോര്‍ന്നിരുന്നു. ഇരുട്ട് വീണ കാട്ടിടവഴികളിലൂടെ മഴ വെള്ളം ഒലിച്ചിറങ്ങി. ചരിത്രമുറങ്ങുന്ന ആ വഴികളിലൂടെ ഞങ്ങള്‍ നടന്നു. കാഴ്ചകളുടെ നിലയില്ലാക്കയങ്ങളെ ആസ്വദിക്കാന്‍ വീണ്ടുമൊരിക്കല്‍ വരാമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ മലബാറിന്റെ ഊട്ടിയോട് വിടവാങ്ങുകയാണ്.

Monday, May 16, 2011

ചരിത്രത്തിലേക്ക് ഒരു ട്രാഫിക്ക്

കെ കെ ജയേഷ്

എല്ലാം നശിച്ചെന്ന് കരുതുമ്പോഴും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പിന്നെയും മൊട്ടിടും. ദുര്‍ബല ദൃശ്യഭാഷകള്‍ നല്‍കിയ മരവിപ്പില്‍ മനംമടുത്ത് നില്‍ക്കുമ്പോഴിതാ സെല്ലുലോയ്ഡില്‍ പുതിയ വസന്തം വിരിയുന്നു. അതെ രാജേഷ് പിള്ള എന്ന സംവിധായകന്‍ ഒരുക്കിയ 'ട്രാഫിക്ക്' എന്ന സിനിമ എല്ലാ അര്‍ത്ഥത്തിലും മലയാളത്തിന് സമ്മാനിക്കുന്നത് പുതുമയുടെ പുതിയ വസന്തകാലമാണ്. രണ്ടായിരത്തി പതിനൊന്നിന്റെ തുടക്കം മലയാള സിനിമയ്ക്ക് ശുഭകരമാണ് എന്ന് ഈ സിനിമ വ്യക്തമാക്കുന്നു.
സൂപ്പര്‍താരങ്ങളുടെ ഇടിമുഴക്കങ്ങളില്ലാതെ, മൂന്നാം കിട ഡപ്പാം കൂത്തുകളുടെയും ദുര്‍ബല കോമഡികളുടെയും പ്രളയങ്ങളില്ലാതെ ഒരു സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു എന്നത് സന്തോഷകരമാണ്. പാണ്ടിപ്പടങ്ങളെന്ന് കളിയാക്കി വിളിക്കുന്ന തമിഴ് സിനിമാ ലോകത്തുപോലും ജീവിതത്തിന്റെ ആഴക്കാഴ്ചകള്‍ മുന്‍കൈ നേടുമ്പോള്‍ മലയാളത്തെ ഓര്‍ത്ത് വേദന തോന്നിയിരുന്നു. തീര്‍ത്തും ദുര്‍ബലമായ കാര്യസ്ഥന്‍മാരും പോക്കിരിരാജകളും മാത്രമാണല്ലോ ഇവിടെ സൂപ്പര്‍ഹിറ്റാവുന്നത് എന്നോര്‍ക്കുമ്പോള്‍ ആ വേദന വര്‍ദ്ധിക്കും. ആ വേദനകള്‍ക്കിടയില്‍ ഒത്തിരി ആശ്വാസമാണ് ട്രാഫിക്ക് സമ്മാനിക്കുന്നത്.
അനാവശ്യമായ ബഹളങ്ങളോ രംഗങ്ങളോ സൃഷ്ടിക്കാതെ തികച്ചും ഏകാഗ്രതയോടെ കഥ പറയുകയാണ് ട്രാഫിക്ക്. അതുകൊണ്ട് തന്നെ അനവസരത്തില്‍ കയറിവരുന്ന ഗാനങ്ങളോ തമാശകളോ ഇതിലില്ല. ചെറിയ വഴിപിഴക്കലുകള്‍ പോലും ഉണ്ടാവരുതെന്ന് നിര്‍ബന്ധമുള്ള സംവിധായകനെ സിനിമയിലുടനീളം കാണാം. അതിനാല്‍ വെറും രണ്ട് മണിക്കൂറില്‍ കഥ തീരുന്നു. പക്ഷെ ഈ രണ്ട് മണിക്കൂറും പ്രേക്ഷകനെ സിനിമയില്‍ മാത്രം തളച്ചിടാന്‍ സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കും സാധിക്കുകയും ചെയ്യുന്നു.
എല്ലാ അര്‍ത്ഥത്തിലും മികച്ച ഒരു സിനിമ എന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു അദ്ഭുതമാണ്. ട്രാഫിക്ക് ഇത്തരത്തില്‍ ഒരു അദ്ഭുതം തന്നെയാണെന്ന് ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും തോന്നും. അത്രയധികം വശീകരണ ശക്തിയാണ് ഈ സിനിമയ്ക്കുള്ളത്.
മലയാള സിനിമകള്‍ അടുത്തിടെ തന്ന കാഴ്ചയുടെ ശീലം വെച്ച് കുറേ പ്രതീക്ഷകളുമായാണ് ട്രാഫിക്ക് കാണാന്‍ പോയത്. ശ്രീനിവാസന്‍ ഉള്ളതുകൊണ്ട് കുറേ കോമഡി, കുഞ്ചാക്കോ ബോബന്റെ മികച്ച പ്രണയരംഗങ്ങള്‍, ആസിഫ് അലി പകരുന്ന യുവത്വത്തിന്റെ അടിപൊളി കാഴ്ചവട്ടങ്ങള്‍... പക്ഷെ സിനിമ തുടങ്ങി അഞ്ച് മിനിട്ട് കഴിയുമ്പോഴേക്കും മനസ്സില്‍ നിറച്ച പ്രതീക്ഷകള്‍ക്കപ്പുറത്ത് മറ്റൊരു ദൃശ്യാദ്ഭുതമാണ് ഈ ചിത്രത്തിലുള്ളതെന്ന് വ്യക്തമാവുകയായിരുന്നു. പിന്നീട് വല്ലാത്തൊരു യാത്രയായിരുന്നു. വേദനയും നര്‍മ്മവും സസ്‌പെന്‍സും എല്ലാം നിറഞ്ഞ ഒരുഗ്രന്‍ ത്രില്ലര്‍.
വെറും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കുറേ സംഭവങ്ങളുടെ ത്രസിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരമാണ് ട്രാഫിക്ക്. ഒരു ട്രാഫിക്ക് ഐലന്റില്‍ നടക്കുന്ന ഒരു അപകടം കുറേപ്പേരുടെ ജീവിതത്തെ ഏതെല്ലാം രീതിയില്‍ ബാധിക്കുന്നു എന്നാണ് ഈ സിനിമ പറയുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പലരും ഈ സംഭവത്തോടെ പരസ്പരം ബന്ധപ്പെടുന്നു. തുടര്‍ന്ന് നടക്കുന്നത് ഒരു യാത്രയാണ്.. ജീവിതത്തിന്റെ എല്ലാ ആകസ്മിതകളും സമ്മേളിക്കുന്ന ആ യാത്രയിലാണ് കഥയുടെ ചുരുളുകള്‍ അഴിയുന്നത്. അപകടത്തില്‍ ഒരു മരണം സംഭവിക്കുന്നു. ആ മരണം മറ്റൊരാളുടെ ജീവിതം രക്ഷിക്കാനുള്ള മാര്‍ഗമാവുമെങ്കില്‍ അതിന് തയ്യാറെടുത്ത് രംഗത്തെത്തുന്ന ഒരു കൂട്ടം വ്യക്തികള്‍ നടത്തുന്ന ത്രസിപ്പിക്കുന്ന ജീവിതയാത്രയാണ് ട്രാഫിക്ക്. കഥയുടെ ഓരോ വഴിയിലും ഓരോ നിഗൂഡതകള്‍ വെളിപ്പെടും. എന്നും ഭൂമിയില്‍ പുലരേണ്ട മനുഷ്യനന്മയുടെ പുലരിത്തുടുപ്പില്‍ സിനിമ അവസാനിക്കുമ്പോള്‍ കയ്യടിക്കാതെ ഇറങ്ങിപ്പോരാന്‍ കഴിയും എന്ന് തോന്നുന്നില്ല.
ബോബി- സഞ്ജയ് ടീമിന്റെ തിരക്കഥയാണ് ട്രാഫിക്കിന്റെ ശക്തി. എന്റെ വീട് അപ്പൂന്റെം, നോട്ട്ബുക്ക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഈ കൂട്ടുകെട്ട് മലയാളത്തിന്റെ ഭാവി വാഗ്ദാനമാണെന്ന് ട്രാഫിക്ക് കാട്ടിത്തരുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ദുര്‍ബലമായ ഒരു സിനിമയെടുത്ത് കൈപൊള്ളിയ രാജേഷ് പിള്ളയാണ് ട്രാഫിക്കിന്റെ സംവിധായകന്‍. എന്നാല്‍ ആദ്യ സിനിമ സമ്മാനിച്ച നിരാശകളെ ട്രാഫിക്കിലൂടെ അദ്ദേഹം തകര്‍ത്തെറിയുന്നു. പൂര്‍ണ്ണമായും സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ഒരു ചിത്രമാണ് ട്രാഫിക്ക്. ഏരെ സങ്കിര്‍ണ്ണതകളുള്ള പ്രമേയത്തെ വളരെ കയ്യടക്കത്തോടെ രാജേഷ് ആവിഷ്‌ക്കരിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യമാണ് എടുത്ത് പറയേണ്ടത്. നമ്മള്‍ക്ക് മുമ്പേ പരിചയമുള്ള ശ്രീനിവാസനേയോ വിനീത് ശ്രീനിവാസനേയോ കുഞ്ചാക്കോയെയോ റഹ്മാനേയോ ഒന്നും നമുക്ക് ഈ സിനിമയില്‍ കാണാന്‍ കഴിയില്ല. അനൂപ് മേനോന്റെയും ആസിഫ് അലിയുടെയുമെല്ലാം മികച്ച പ്രകടനം ഈ സിനിയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇമേജുകളുടെ ഭാരമില്ലാതെ നടന്‍മാരെ കഥാപാത്രമാക്കുന്ന ആഖ്യാനമാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്.
ഷൈജു ഖാലിദിന്റെ ക്യാമറയും മേജോ ജോസഫിന്റെ സംഗീതവും മഹേഷ് നാരായണന്റെ എഡിറ്റിംഗും സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു.
സിനിമയിലെ ഒരു വാചകത്തിലേക്ക് തന്നെ കടക്കാം. ഒരു 'നോ' പലപ്പോഴും സാധാരണപോലെ വിസ്മരിക്കപ്പെടുന്നു. പക്ഷെ ഒരു 'യസ്' പുതിയ ചരിത്രമായിത്തീരുന്നു. മാലിന്യങ്ങളില്ലാത്ത ഒരു സിനിമയെടുക്കാനുള്ള നിര്‍മ്മാതാക്കളുടെ 'യസ്' മൂളല്‍ 'ട്രാഫിക്ക്' എന്ന ചിത്രത്തെയും പുതിയ ചരിത്രമാക്കുന്നു.

സിനിമയുടെ കോടമ്പാക്കം

കെ കെ ജയേഷ്
കോടമ്പാക്കം എന്ന പേര് എന്നും എന്നെ ആവേശപ്പെടുത്തിയിരുന്നു. സിനിമയുടെ പേരില്‍ അറിയപ്പെടാന്‍ ഭാഗ്യം ലഭിച്ച ഒരു നഗരഭാഗം. പക്ഷെ ഇന്ന് പഴയ പ്രതാപങ്ങള്‍ പേരില്‍ മാത്രമെ കോടമ്പാക്കത്തിന് അവകാശപ്പെടാനുള്ളു. സിനിമകള്‍ മറ്റ് പലയിടങ്ങളിലേക്കുമായി പറിച്ച് നടപ്പെട്ടപ്പോള്‍ സിനിമയുടെ ഈ നഗരഭാഗം പേരില്‍ മാത്രം വിരാചിക്കുന്ന ഒന്നായി. ഗതകാല പ്രൗഡിയോടെ തലയുയര്‍ത്തി നിന്ന ഫിലിം സ്റ്റുഡിയോകള്‍ പലതും പൊളിച്ച് മാറ്റപ്പെട്ടു. എം ജി ആറും ശിവാജിയും പ്രേംനസീറുമെല്ലാം നിറഞ്ഞാടിയ സ്റ്റുഡിയോകള്‍ ഷോപ്പിംഗ് കോംപ്ലക്‌സുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളുമായി. നേരം വെളുത്തു തുടങ്ങുമ്പോള്‍ യൂണിറ്റ് വാഹനങ്ങളെക്കാത്ത് റോഡില്‍ വരിവരിയായി നിന്നിരുന്ന എക്‌സ്ട്രാ നടീനടന്‍മാരുടെ കാഴ്ചയും ഇന്ന് കാണാന്‍ പ്രയാസമാണ്.
പക്ഷെ പണ്ട് ഇങ്ങനെയായിരുന്നില്ല സ്ഥിതി. സിനിമാക്കാരുടെ സ്വപ്നഭൂമിയായിരുന്നു ഈ പ്രദേശം. പക്ഷെ സിനിമയെ സ്‌നേഹിക്കുന്നവര്‍ ഇപ്പോഴും കോടമ്പാക്കത്ത് നിരവധിയാണ്. സാലിഗ്രാമത്തിലെ പഴയ കുടുസ്സുമുറിയായ ഓഫീസില്‍ വെച്ചാണ് ആര്‍ പരമേശ്വരനെ കണ്ടത്. മലയാള സിനിമയുടെ വളര്‍ച്ചയുടെ പടവുകളിലോരോന്നും സഹയാത്രികനായി കൂടെയുണ്ടായിരുന്ന പരമേശ്വരന് പുതിയ കാല മലയാള സിനിമയെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ല.
തൃശ്ശൂര്‍ വടക്കാഞ്ചേരി മുണ്ടത്തിക്കോടിനടുത്ത് ജനിച്ച ഇദ്ദേഹം വളര്‍ന്നത് കാരക്കുടിയിലാണ്. രോഗബാധിതനായ അച്ഛന് കുടുംബം നടത്താന്‍ ബുദ്ധിമുട്ടായപ്പോള്‍ അമ്മാവന്‍മാര്‍ കൂടെ കൂട്ടുകയായിരുന്നു. അങ്ങിനെ പന്ത്രണ്ടാമത്തെ വയസ്സില്‍ എ വി എം ചെട്ട്യാരുടെ കാരക്കുടി സ്റ്റുഡിയോയില്‍ പരമേശ്വരന്‍ അറ്റന്ററായി ജോലിക്ക് കയറി. പിന്നീട് എ വി എം മാനേജറായ എന്‍ വാസുദേവമേനോന്റെ ശുപാര്‍ശയില്‍ മദ്രാസിലെ എ വി എം സ്റ്റുഡിയോയിലേക്ക് സ്ഥാനക്കയറ്റം കിട്ടി. 48 ല്‍ സ്റ്റുഡിയോ മദ്രാസില്‍ വടപഴനിയിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോള്‍ ജോലി അവിടേക്ക് മാറി. എ വി എം ലബോറട്ടറിയില്‍ പ്രിന്ററും ഗ്രേഡറും ആയി ജോലി ചെയ്ത പരമേശ്വരന്‍ ലാബ് ചീഫായിട്ടാണ് റിട്ടയര്‍ ചെയ്തത്. കന്നടം, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി സിനിമകളുടെ പിന്നണിയില്‍ പരമേശ്വരന്‍ പ്രവര്‍ത്തിച്ചു.
'രാവിലെ 8.30 ന് ഓഫിസിലെത്തിയാല്‍ വൈകീട്ട് എത്ര മണിവരെയും ജോലി ചെയ്യും. ഒന്നിലും ഒരു പരാതിയും ഉണ്ടായിരുന്നില്ല. സിനിമയുടെ ലോകത്ത് എത്തിയാല്‍ പിന്നെ മറ്റൊന്നിനെപ്പറ്റിയും ചിന്തയുണ്ടാവില്ല. പ്രശസ്തരായ നടീനടന്‍മാര്‍, സംവിധായകര്‍, ക്യാമറാമാന്‍മാര്‍, എഴുത്തുകാര്‍.... അത് വല്ലാത്തൊരു കാലമായിരുന്നു....' ഓഫീസിലെ പഴയ കസേരയിലിരുന്ന് സംസാരിക്കുമ്പോള്‍ പരമേശ്വരന്റെ കണ്ണില്‍ സുവര്‍ണ്ണകാലത്തിന്റെ തിളക്കമുണ്ടായിരുന്നു.
'ഇന്നത്തെപ്പോലെയല്ല ആര്‍ട്ടിസ്റ്റുകളേക്കാള്‍ ടെക്‌നീഷ്യന്‍സിന് പ്രാധാന്യമുള്ള ഒരു കാലമായിരുന്നു അത്. കഥയ്ക്കനുയോജ്യരായ നടീനടന്‍മാരെ തെരഞ്ഞെടുക്കാറായിരുന്നു അന്ന്. അല്ലാതെ താരത്തിന്‍ വേണ്ടി കഥയുണ്ടാക്കുന്ന ഏര്‍പ്പാടില്ലായിരുന്നു. ഇന്ന് എല്ലാം നശിച്ചു. താരങ്ങള്‍ പറയുന്നതിനപ്പുറത്തേക്ക് ഒന്നുമില്ല എന്നതാണ് ഇന്നത്തെ സ്ഥിതി. കഥയേക്കാള്‍ പ്രാധാന്യം ഗ്രാഫിക്‌സിനാണ്. കോടികളുണ്ടെങ്കിലേ സിനിമയെടുക്കാനാവൂ എന്ന അവസ്ഥ വന്നിരിക്കുന്നു... സിനിമ തന്നെ നശിക്കുകയാണ്...' നിരാശനായി പരമേശ്വരന്‍ പറഞ്ഞു നിര്‍ത്തി.
വിന്‍സെന്റ്, ഐ വി ശശി,ജോഷി, പി എന്‍ സുന്ദരം,ബാലുമഹേന്ദ്ര,ഋഷികേശ് മുഖര്‍ജി തുടങ്ങി പ്രശസ്തരായ നിരവധി സംവിധായകര്‍ക്കൊപ്പവും എഡിറ്റര്‍മാരായ എം എസ് മണി, കെ നാരായണന്‍, കെ ശങ്കുണ്ണി, ടി ആര്‍ ശേഖര്‍, ജി വെങ്കിട്ടരാമന്‍, ടി ആര്‍ ശ്രീനിവാസലു, സുകുമാര്‍, ജി മുരളി എന്നിവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി പരമേശ്വരന്‍ കാണുന്നു. അടൂരിന്റെ സ്വയംവരം, കൊടിയേറ്റം എന്നിവയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പരമേശ്വരന് അടൂരുമായി അടുത്ത ബന്ധമുണ്ട്.
1990 ല്‍ എ വി എമ്മില്‍ നിന്ന് വിരമിച്ച പരമേശ്വരന്‍ എഴുപത്തഞ്ചാം വയസ്സിലും ഒരു യുവാവിനെപ്പോലെ ജോലി ചെയ്യുകയാണ്. എ വി എമ്മിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ലാബ് വാടകയ്‌ക്കെടുത്ത് നടത്തുന്ന പരമേശ്വരന്‍ ചെന്നൈയില്‍ വിരുംഗപാക്കത്തിനടുത്ത് ഭാര്യ ശിവജ്യോതിയ്ക്കും നാലു മക്കള്‍ക്കുമൊപ്പം താമസിക്കുന്നു.
......................................
കോടമ്പാക്കത്തെ ഒരു ലോഡ്ജ് മുറിയില്‍ സംവിധായകന്‍ കെ എ ദേവരാജിനും എഡിറ്റര്‍ സുകുമാറിനുമൊപ്പം ഇരിക്കുമ്പോഴാണ് പത്മനാഭനെ പരിചയപ്പെടുന്നത്. ഒറ്റപ്പാലം ആലക്കോട് സ്വദേശിയായ പത്മനാഭന്‍. പി എന്ന മെയ്ക്കപ്പ് മാന്‍ 50 വര്‍ഷത്തോളമായി സിനിമയുടെ ലോകത്തുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി നൂറോളം ചിത്രങ്ങള്‍ ഇതിനകം ചെയ്തുകഴിഞ്ഞു. കെ എസ് ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലൂടെയാണ് പത്മനാഭന്‍ പി സിനിമയിലെത്തുന്നത്. കെ പി പോള്‍ ശ്രീനാരായണ ഗുരുവായും കൊല്ലം സുകുമാരന്‍ കുമാരനാശാനായും വന്ന ആ സിനിമ പത്മാഭനെന്ന പ്രതിഭയുടെ തുടക്കമായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയ മുറപ്പെണ്ണിലൂടെ പിന്നീട് താരമായി വളര്‍ന്ന പ്രേംനസീറിന്റെ മുഖത്ത് ചായം തേയ്ക്കാനും പത്മനാഭന് ഭാഗ്യമുണ്ടായി. എന്നാല്‍ ഇത്രയും കാലം സിനിമയ്‌ക്കൊപ്പം നിന്നിട്ടും മലയാള സിനിമ ഒരിക്കല്‍ പോലും പത്മനാഭനെ ആദരിച്ചിട്ടില്ല. പുതിയ തലമുറയ്ക്ക് ഇങ്ങനെയൊരു പേര് പോലും ഓര്‍മ്മയില്ല. ആദ്യ ചിത്രം പുറത്തിറങ്ങിയപ്പോള്‍ മാതൃഭൂമിയില്‍ ഒരു ലേഖനം വന്നതൊഴിച്ചാല്‍ തന്നെപ്പറ്റി ഒരു ആര്‍ട്ടിക്കിള്‍ പോലും മലയാള പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടില്ലെന്നും പത്മനാഭന്‍ പറയുന്നു.
നസീര്‍, മധു, ഉമ്മര്‍, എം ജി ആര്‍, എന്‍ ടി രാമറാവു, രജനീകാന്ത്, കെ ആര്‍ വിജയ, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കെല്ലാം ചായം തേച്ച ഈ കലാകാരനാണ് പ്രശസ്ത നടി ഹേമമാലിനിയ്ക്ക് സൗത്ത് ഇന്ത്യയില്‍ ആദ്യമായി മേയ്ക്കപ്പ് ചെയ്യുന്നതും.
53ല്‍ മദ്രാസിലെത്തിയ പത്മാഭന് ഇപ്പോള്‍ മലയാള സിനിമകളുടെ ജോലിയൊന്നുമില്ല. മിഴിയില്‍ മലര്‍ന്തത്, തേന്‍മൊഴി തഞ്ചാവൂര്‍ എന്നീ തമിഴ് സിനിമകള്‍ക്കാണ് അവസാനമായി പ്രവര്‍ത്തിച്ചത്.
ലോഡ്ജിന് എതിര്‍വശത്തുള്ള ചുമരുകളിലെ പോസ്റ്ററുകളില്‍ മാറുന്ന തമിഴ് സിനിമയുടെ മുഖം കാണാം. എം ശശികുമാറും, ചേരനും, അമീര്‍ സുല്‍ത്താനുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന പോസ്റ്ററുകള്‍.
'തമിഴ് സിനിമ മാറുകയാണ്.. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ വിജയിക്കുന്നതിനൊപ്പം പുതുമുഖങ്ങളുടെ ചിത്രങ്ങളും ഹിറ്റാവുന്നു. സുബ്രഹ്മണ്യപുരവും പരുത്തിവീരനും വെയിലുമെല്ലാം ഇവിടെ തകര്‍ത്തോടുമ്പോള്‍ പലപ്പോഴും അദ്ഭുതം തോന്നും. നൂറുകണക്കിന് ആളുകളെ ഒരാള്‍ ഒറ്റയ്ക്ക് തകര്‍ത്തെറിയുന്ന കാഴ്ചകള്‍ക്ക് കയ്യടിച്ച നാട്ടിലാണ് ഈ മാറ്റം. പക്ഷെ പാണ്ടിപ്പടങ്ങളെന്ന് വിളിച്ച് പരിഹസിച്ചിരുന്ന നമ്മളുടെ മാറ്റം എങ്ങോട്ടാണ്...?' എഡിറ്റര്‍ സുകുമാരന്‍ നിരശായോടെ പിറുപിറുത്തു.
'മലയാള സിനിമ കണ്ടാണ് ഞാന്‍ വളര്‍ന്നത്. തമിഴ് സിനിമകള്‍ അവിശ്വസനീയമായ കാഴ്ചകള്‍ കൊണ്ട് കോമാളി വേഷം കെട്ടിയ ആ കാലത്ത് ജീവിതത്തിന്റെ ഗന്ധമുള്ള മലയാള സിനിമകളായിരുന്നു ആശ്വാസം. പക്ഷെ ഇന്ന് എല്ലാം മാറി. മികച്ച നടന്‍മാരും സംവിധായകരും എല്ലാമുണ്ടായിട്ടും മലയാള സിനിമ ഞങ്ങളെപ്പോലുള്ളവരെ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു..' ഒരിക്കല്‍ ഒരു പുസ്തകപ്രകാശനത്തിന് കോഴിക്കോട്ടെത്തിയ എം ശശികുമാര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു.
മലയാള സിനിമയുടെ ആരാധകരായിരുന്ന ഒരു കൂട്ടം യുവതലമുറയാണ് തമിഴിലിന്ന് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. എം ശശികുമാര്‍, ചേരന്‍, ബാലാജി ശക്തിവേല്‍, അമീര്‍ സുല്‍ത്താന്‍, സമുദ്രക്കനി, വസന്തബാലന്‍, മിഷ്‌ക്കിന്‍... ഈ നിര അങ്ങിനെ നീളുന്നു. ഇവരുടെ ചിത്രങ്ങള്‍ കേരളത്തിലും സൂപ്പര്ഹിറ്റാവുമ്പോള്‍ അതിന് കാരണം സിനിമയിലെ ജീവിതത്തോടുള്ള സത്യസന്ധതയാണെന്ന് തിരിച്ചറിയാതെ തമിഴ് സിനിമയെ പഴിച്ച് തങ്ങളുടെ പോരായ്മകള്‍ മറച്ചുപിടിക്കുകയാണ് നമ്മുടെ വലിയ സംവിധായകര്‍. അവര്‍ പടച്ചുവിടുന്ന ഓരോ സിനിമയും പ്രേക്ഷകനെ തിയേറ്ററില്‍ നിന് വീണ്ടും വീണ്ടും അകറ്റിക്കൊണ്ടിരിക്കുന്നു. രഞ്ജിത്ത്, ലാല്‍ ജോസ്, ബ്ലെസി തുടങ്ങി ചില അപൂര്‍വ്വം പേരുകളില്‍ മലയാളിയുടെ പ്രതീക്ഷ നിലനില്‍ക്കുന്നു.
രാത്രി ഓട്ടോയില്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ സംവിധായകന്‍ ദേവരാജ് പറഞ്ഞു:
'സിനിമയുടെ വെള്ളിവെളിച്ചം സ്വപ്നം കണ്ട് നമ്മുടെ നാട്ടില്‍ നിന്ന് ഇവിടെയെത്തി ജീവിതം നശിച്ച് മരണത്തിലേക്ക് കടന്നുപോയ യൗവ്വനങ്ങള്‍ നിരവധിയാണ്'
സ്റ്റുഡിയോകള്‍ ഷോപ്പിംഗ് കോപ്ലക്‌സുകളായ വഴികളിലൂടെയാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്. സ്റ്റുഡിയോകള്‍ മാത്രമല്ല അങ്ങ് കേരളത്തില്‍ സിനിമാ തിയേറ്ററുകളും ദിനംപ്രതി അടച്ചുകൊണ്ടിരിക്കുകയാണ്. കുട്ടിക്കാലത്ത് അദ്ഭുതം കാട്ടിത്തന്ന ഉള്ള്യേരി സംഗീതയും കൊയിലാണ്ടി ചിത്രയും എകരൂര്‍ സീമയുമൊന്നും ഇന്നില്ല. യൗവ്വനത്തിന്റെ ലഹരിയില്‍ പ്രണയത്തിന്റെയും രതിയുടെയും മഴവില്ല് കാണിച്ചുതന്ന കാക്കൂര്‍ അനശ്വരയും ഇന്ന് ഓര്‍മ്മ മാത്രമാണ്...
വണ്ടി ഒരു ബ്ലോക്കില്‍ കുടുങ്ങി. ചുറ്റും വാഹനങ്ങളുടെ നീണ്ട നിര. ഇവിടെ വെച്ചായിരിക്കുമോ നാടോടിക്കാറ്റിലെ ശ്രീനിവാസന്റെ വിജയന്‍ മോഹന്‍ലാലിന്റെ ദാസനോട് 'ശേഷം സ്‌ക്രീനില്‍' എന്നു പറഞ്ഞ് അഹങ്കരിച്ച് നടന്നുപോയത്....?

Friday, April 18, 2008

ജീവിതത്തെക്കുറിച്ചുള്ള കഥകള്‍

ദാമ്പത്യം
രാത്രി: 10.30
ഭാര്യ:ഞാനൊരു പാട്ടു പാടട്ടെ? ഭര്‍ത്താവ്‌: വേണ്ട
ഭാര്യ:അതെന്താ? ഭര്‍ത്താവ്‌:എനിക്കുറങ്ങണം
രാത്രി 12.10ഭര്‍ത്താവ്‌:ഞാനൊന്ന്‌ ചുംബിക്കട്ടെ? ഭാര്യ:വേണ്ടഭര്‍ത്താവ്‌:അതെന്താ?ഭാര്യ:എനിക്കുറങ്ങണം.

വായന
ആരു പറഞ്ഞു വായന മരിച്ചെന്ന്‌? വില്‍പനയില്‍ റെക്കാര്‍ഡ്‌ സൃഷ്ടിക്കുന്ന അശ്ലീല സിനിമാ നടിയുടെ ആത്മകഥ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ പുസ്തക പ്രസാധകന്‍ പ്രസംഗിച്ചപ്പോള്‍ വായനയെ സ്നേഹിക്കുന്ന ഞങ്ങള്‍ നാട്ടുകാര്‍ ഹാളുകിടുങ്ങുമാറുച്ചത്തില്‍ കൈയ്യടിച്ചുകൊണ്ടേയിരുന്നു.

ആത്മഹത്യ
ജീവിതം മടുത്ത്‌ ആത്മഹത്യക്കൊരുങ്ങിയപ്പോള്‍ കണ്‍ഫ്യൂഷന്‍.എങ്ങിനെ മരിക്കണം?തൂങ്ങിമരണം, ട്രെയിന്‍, വിഷം......?ചിന്തിച്ച്‌ ചിന്തിച്ച്‌ താടിയും മുടിയും നീട്ടി നടന്ന എനിക്കിപ്പോള്‍ ഒരെഴുത്തുകാരന്റെ ഛായയുണ്ടെന്ന്‌ എല്ലാവരും പറയുന്നു. എന്തായാലും ഇപ്പോള്‍ ഞാന്‍ എഴുത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. ആത്മഹത്യ പിന്നെയും ചെയ്യാമല്ലോ...അല്ലേ....

സൗഹൃദം
അനന്തരാമന്‍ എന്ന ഞാനും മുഹമ്മദ്‌ ഇഖാബാല്‍ എന്ന അവനും അടുത്ത സുഹൃത്തുക്കള്‍. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ മാനാഞ്ചിറയുടെ പുല്‍പ്പരപ്പില്‍ മലര്‍ന്നുകിടന്ന്‌ മദ്യത്തെപ്പറ്റിയും പെണ്‍കുട്ടികളെപ്പറ്റിയും സംസാരിച്ചു. കോര്‍ണേഷന്‍ തിയേറ്ററല്‍ തമിഴ്‌ സിനിമാ ഗാനങ്ങള്‍ക്കൊപ്പിച്ച്‌ നൃത്തം ചവുട്ടി. എന്നാല്‍ ഞങ്ങളൊരിക്കലും മാറാട്‌, ഗുജറാത്ത്‌, എന്‍ ഡി എഫ്‌, വി എച്ച്‌ പി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കുകയുണ്ടായില്ല. ഭയത്തിന്റെ തിരശ്ശീല സംസാരങ്ങളില്‍ ഞങ്ങള്‍ക്ക്‌ അതിര്‍ത്തികള്‍ നിശ്ചയിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഭയപ്പെടുന്നത്‌ മുമ്പ്‌ സംസാരിച്ചിരുന്ന കാര്യങ്ങള്‍ പോലും സംസാരിക്കാന്‍ പറ്റാതാവുന്ന ഒരു നിമിഷത്തെക്കുറിച്ചോര്‍ത്താണ്‌.

കവല(കള്‍)
കവലയുടെ ഒരറ്റത്ത്‌ ഏതോ ഒരു മുസ്ലീം സംഘടനയുടെ പൊതുയോഗത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്‌. അക്ബര്‍ സൗണ്ട്സിലെ പയ്യന്‍ മൈക്ക്‌ ടെസ്റ്റ്‌ ചെയ്യുന്നു. സ്റ്റേജിനടുത്തിരുന്ന്‌ സിഗരറ്റ്‌ പുകയ്ക്കുകയാണ്‌ അബ്ബാസും റിയാസലിയും. പെട്ടന്നാണ്‌ കാവിയുടുത്ത്‌ ചെമന്ന പൊട്ടുതൊട്ട രമേശന്‍ പൊതുയോഗസ്ഥലത്തെക്ക്‌ നടന്നത്‌. കവല നിശബ്ദമായി. എന്തും സംഭവിക്കാം....ഹുസൈന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മുസ്ലീംങ്ങള്‍ എന്തിനും തയ്യാറായി നിലയുറപ്പിച്ചപ്പോള്‍ ഇപ്പുറത്ത്‌ ദേവദാസിന്റെ നേതൃത്വത്തിലുള്ള ഹിന്ദു സംഘവും കാത്തുനില്‍ക്കുകയാണ്‌.രമേശന്‍ അബ്ബാസിനും റിയാസലിക്കും അടുത്തെത്തി.വാഹനങ്ങള്‍ ബ്രേക്കിട്ടു. മത്സ്യമാര്‍ക്കറ്റില്‍ ഇതേ വരെ ബഹളമുണ്ടാക്കിയിരുന്ന കാക്കകളുടെ ശബ്ദം പോലും കേള്‍ക്കാനില്ല.എന്തു സംഭവിക്കാം.......പെട്ടന്ന്‌ രമേശന്‍ പോക്കറ്റില്‍ നിന്നും ഒരു സിഗരേറ്റ്ടുത്ത്‌ ചുണ്ടില്‍ വെച്ച്‌ അബ്ബാസിനുനേരെ കൈനീട്ടി. അബ്ബാസ്‌ ഒരു കവിള്‍ പുകകൂടി വലിച്ചുകയറ്റി സിഗരറ്റ്‌ രമേശന്‌ നല്‍കി. അതില്‍ നിന്നും തന്റെ സിഗരറ്റിലേക്ക്‌ തീ പകര്‍ന്ന്‌ രമേശന്‍ തിരിച്ച്‌ നടന്നു.ഇത്തരം ഓരോ തീ വാങ്ങലുകള്‍ പോലും കവല(കള്‍)യെ തീ തീറ്റിച്ചു കൊണ്ടേയിരിക്കുന്നു.

മരണം
അകത്ത്‌ വല്യച്ഛന്റെ അവസാന നിമിഷങ്ങള്‍..മറ്റു ബന്ധുക്കള്‍ക്കൊപ്പം രവിയും ഡോക്ടര്‍ ഇന്നത്തെ രാത്രികൂടെ മാത്രം ആയുസ്സ്‌ വിധിച്ച വല്യച്ഛന്റെ മരണത്തെ കാത്തിരിക്കുകയാണ്‌.കാത്തിരുന്ന്‌ കാത്തിരുന്ന്‌ രവി ഉറങ്ങിയപ്പോള്‍ വല്യച്ഛന്‍ രാത്രിയെ അതിജീവിച്ചു.രാവിലെ കട്ടന്‍ കാപ്പിയുമായി വന്ന വേലക്കാരി രവിയെ വിളിച്ചു.രവി സാറെ എഴുന്നേല്‍ക്കൂ. വല്യച്ഛന്‌ ഒന്നും സംഭവിച്ചിട്ടില്ല.പക്ഷേ രവി ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. വല്യച്ഛന്റെ മരണത്തെ കാത്തിരുന്ന രവി മരണത്തിന്റെ ശാന്തമായ, കറുത്ത ഇടനാഴിയിലൂടെ യാത്ര ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.